ഇന്റര്‍നെറ്റിനെയും വെബ്‌സൈറ്റിനെയും കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

network

ഇന്ന്‌ ഇന്റര്‍നെറ്റിനെക്കുറിച്ച്‌ അറിയാത്തവര്‍ വളരെക്കുറവായിരിക്കും. ദിനംപ്രതി ആഗോള വ്യാപകമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്‌.

സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, തൊഴില്‍, വിനോദം, വീടുകള്‍ തുടങ്ങി നമ്മുടെ ദൈനംദിന മേഖലകളെല്ലാം ഇന്റര്‍നെറ്റ്‌ കയ്യടക്കിയിരിക്കുന്നു. അതിനാല്‍ ഇന്റര്‍നെറ്റിനെക്കുറിച്ച്‌ അറിയാതെ നമുക്ക്‌ മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണിന്നുള്ളത്‌.

 ഇന്ന്‌ സര്‍വ്വകലാശാലകളും, സര്‍ക്കാരുകളും , മറ്റു പ്രൈവറ്റ്‌ സ്ഥാപനങ്ങളും വിവിധ തരം അപേക്ഷകള്‍, മറ്റു ഫോറങ്ങള്‍, പരീക്ഷാ റിസള്‍ട്ടുകള്‍, മാര്‍ക്ക്‌ലിസ്റ്റുകള്‍ എല്ലാം ഇന്റര്‍നെറ്റ്‌ വഴിയാണ്‌ പബ്ലിഷ്‌ ചെയ്യുന്നത്‌.

എന്താണ്‌ ഇന്റര്‍നെറ്റ്‌ ?

ഇന്റര്‍നെറ്റ്‌ എന്നത്‌ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കമ്പ്യൂട്ടറുകളെ തമ്മില്‍ പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു ആഗോള ശൃംഖലയാണെന്ന്‌ നമുക്കറിയാം.

isp

ഇന്റര്‍നെറ്റ്‌ സേവനം നമുക്ക്‌ ലഭ്യമാക്കുന്നവരാണ്‌ ISP അഥവാ Internet Service Providers.

ഈ കമ്പ്യൂട്ടറുകളെല്ലാം ഫോണ്‍ ലൈനുകള്‍, ഫൈബര്‍ ഒപ്‌റ്റിക്‌ ലൈനുകള്‍, ഉപഗ്രഹങ്ങള്‍, വയര്‍ലസ്സ്‌ കണക്ഷനുകള്‍ തുടങ്ങിയവയാല്‍ പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നു.

ഇന്റര്‍നെറ്റില്‍ കണക്ട്‌ ചെയ്‌ത ഒരു കമ്പ്യൂട്ടര്‍ നാം ഉപയോഗിക്കുന്നതുവഴി നമുക്ക്‌ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നു.

ഇന്റര്‍നെറ്റുമായി കണക്ട്‌ ചെയ്‌ത ഓരോ കമ്പ്യൂട്ടറിനേയും ഇന്റര്‍നെറ്റിന്റെ ഒരു ഭാഗമായി (കണ്ണിയായി) കണക്കാക്കാം.

ഇങ്ങനെ ഈ കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ നമുക്ക്‌ വിവരങ്ങള്‍ കൈമാറാന്‍ എളുപ്പം സാധിക്കുന്നു. ഇവിടെ ദൂരം ഒരു പ്രശ്‌നമേയല്ല. സെക്കന്റുകള്‍ക്കുള്ളില്‍ നമുക്ക്‌ സന്ദേശങ്ങള്‍ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാന്‍ ഇന്റര്‍നെറ്റ്‌ വഴി സാധിക്കുന്നു. ലോകത്തെവിടെ നിന്നും നമുക്ക്‌ ഈ ശൃംഖലയില്‍ അംഗമാകാവുന്നതാണ്‌.

ecommerce-process

ഓണ്‍ലൈനായി സാധനങ്ങള്‍ വില്‍പന (E-commerce Transaction ) നടത്താന്‍ ഇന്റര്‍നെറ്റ്‌ നമ്മെ സഹായിക്കുന്നു. ഇവ ഇന്നു സര്‍വ്വസാധാരണയായിരിക്കുന്നു. വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഇന്റര്‍നെറ്റിലൂടെ വ്യാപാരം നടത്തുന്ന വിധം ചിത്രം നോക്കി മനസ്സിലാക്കുക.

എന്തു വിവരങ്ങളും എപ്പോള്‍ വേണമെങ്കിലും അറിയാന്‍ സഹായിക്കുന്ന ഒരു ആഗോള ലൈബ്രറിയാണ്‌ ഇന്റര്‍നെറ്റ്‌.

ഇന്റര്‍നെറ്റ്‌ പ്രൊട്ടോക്കോളുകള്‍
TCP/IP (Transmission Control Protocol / Internet Protocol)

കമ്പ്യൂട്ടറുകള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന നിയമാവലിയെ Protocol എന്നു വിളിക്കുന്നു. കമ്പ്യൂട്ടര്‍ സന്ദേശങ്ങളെ പാക്കറ്റുകളായി തരംതിരിക്കാനും ശരിയായ രീതിയില്‍ പരിശോധിച്ച്‌ ഒത്തുചേര്‍ക്കാനുമുള്ള നിയമങ്ങളാണിവ. ഇന്‍ര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള കമ്പ്യൂട്ടറുകള്‍ ഈ നിയമത്തെ അനുസരിക്കുന്ന പ്രോഗ്രാമുകള്‍ ഉള്ളവയായിരിക്കണം.

computerTCP

വേള്‍ഡ്‌ വൈഡ്‌ വെബ്‌ (WWW)
World Wide Web

വെബ്‌ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘വേള്‍ഡ്‌ വൈഡ്‌ വെബ്‌ ‘ ഇന്റര്‍നെറ്റിന്റെ ഒരു പ്രധാനഭാഗമാണ്‌. പലയാളുകളും ഇന്റര്‍നെറ്റും വെബ്ബും ഒന്നാണെന്ന്‌ തെറ്റിദ്ധരിച്ചിരിക്കുന്നു.

വെബ്ബിലൂടെയാണ്‌ നാം ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ തിരയുന്നത്‌. വെബ്‌ എന്നതു ഇന്റര്‍നെറ്റുമായി കണക്‌റ്റു ചെയ്‌ത ധാരാളം ‘സൈറ്റുകള്‍’ ചേര്‍ന്നതാണ്‌. സൈറ്റ്‌ എന്നത്‌ ലോകത്തിലെവിടെയെങ്കിലുമുള്ള ഒരു കമ്പ്യൂട്ടര്‍ സെര്‍വ്വറില്‍ ഉള്ള ഫയലുകളുടെ ലൊക്കേഷനെയാണ്‌. ഈ ഫയലുകള്‍ ടെക്‌സ്റ്റുകള്‍, ഗ്രാഫിക്‌സ്‌, വീഡിയോ തുടങ്ങി വിവിധ തരത്തിലുള്ളവയായിരിക്കാം. 

www

ഈ ഫയലുകളെ http (Hypertext Transfer Protocol) എന്ന നിശ്ചിത പ്രോട്ടോക്കോളിലൂടെ IP Addressing മുഖേന നമുക്ക്‌ നമ്മുടെ കമ്പ്യൂട്ടറിലേക്ക്‌ ലഭ്യമാക്കാവുന്നതാണ്‌. ഫയല്‍ ഹോസ്‌റ്റു ചെയ്‌തിരിക്കുന്ന കമ്പ്യൂട്ടറിനെ ‘ സെര്‍വ്വര്‍ ‘ എന്നും അതിനെ access ചെയ്യുന്ന നമ്മുടെ കമ്പ്യൂട്ടര്‍ ‘ ക്ലയന്റ്‌ ‘ എന്നും അറിയപ്പെടുന്നു.

സെര്‍വ്വറില്‍ നിന്നും സൈറ്റുകള്‍ ലഭ്യമാകാന്‍ ബ്രൗസറുകള്‍ എന്നറിയപ്പെടുന്ന സോഫ്‌റ്റ്‌വെയര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ആവശ്യമാണ്‌. (ഉദാ: Internet Explorer, Mozilla Firefox, Netscape തുടങ്ങിയവ)

 നിങ്ങള്‍ ഇപ്പോള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഹാംടൂണ്‍സ്‌ എന്ന ഈ വെബ്‌സൈറ്റ്‌ US ലുള്ള ഒരു സെര്‍വ്വറിലാണുള്ളത്‌. നിങ്ങളുടെ ബ്രൗസര്‍ സോഫ്‌റ്റ്‌വെയര്‍ മുഖേനയാണ്‌ നിങ്ങള്‍ക്കീ പേജുകള്‍ കാണുവാന്‍ സാധിക്കുന്നത്‌. 

വെബ്‌ സെര്‍വ്വറുകള്‍

server-uploading

വെബ്‌പേജുകളും മറ്റു ആപ്ലിക്കേഷനുകളും സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിനെയാണ്‌ സെര്‍വ്വര്‍ എന്ന്‌ വിളിക്കുന്നത്‌. ഈ സെര്‍വ്വറുകളില്‍ നിന്നാണ്‌ ടെക്‌സ്റ്റുകള്‍, ഗ്രാഫിക്‌സുകള്‍, ശബ്ദ വീഡിയോകള്‍ അടങ്ങിയ ഫയലുകള്‍ നമ്മുടെ വെബ്‌ ബ്രൗസറിലേക്കു കൈമാറുന്നത്‌. വെബ്‌ സെര്‍വ്വറുകളെ HTTP സെര്‍വ്വറുകള്‍ എന്നും വിളിക്കുന്നു. ഇവ Hypertext Transfer Protocol (http) എന്ന protocol വഴിയാണ്‌ വെബ്‌പേജുകള്‍ വെബ്‌ ബ്രൗസറുകളിലേക്ക്‌ കൈമാറുന്നത്‌.

നാം വെബ്‌ ബ്രൗസറില്‍ ഒരു വെബ്‌സൈറ്റിന്റെ അഡ്രസ്സ്‌ ടൈപ്പ്‌ ചെയ്യുമ്പോള്‍ ബ്രൗസര്‍ ആ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍നെറ്റില്‍ പ്രസ്‌തുത ഫയലുകള്‍ അടങ്ങിയ സര്‍വ്വറിലേക്കു കൈമാറുന്നു. IP Addressing വഴിയാണിത്‌ സാധ്യമാകുന്നത്‌. ബ്രൗസറില്‍ നിന്നും വന്ന HTML പേജിനായുള്ള request പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തിയ ശേഷം സെര്‍വ്വറുകള്‍ പ്രസ്‌തുത വെബ്‌പേജിനെ നമ്മുടെ കമ്പ്യൂട്ടറിലെ ബ്രൗസറിലേക്ക്‌ അയയ്‌ക്കുന്നു. അതിനു ശേഷം ബ്രൗസറും സെര്‍വ്വറും തമ്മിലുള്ള കണക്ഷന്‍ ഡിസ്‌കണക്ടാവുന്നു. ബ്രൗസര്‍ വീണ്ടും റീഫ്രഷ്‌ ചെയ്യുകയോ, വെബ്‌പേജിനായുള്ള റിക്വസ്റ്റുകള്‍ സര്‍വ്വറിലേക്ക്‌ അയയ്‌ക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ നമുക്ക്‌ സെര്‍വ്വറുമായി വീണ്ടും ബന്ധപ്പെടാന്‍ സാധിക്കൂ.

വെബ്‌ സെര്‍വ്വറുകള്‍ 24 മണിക്കൂറും ഇന്റര്‍നെറ്റുമായി കണക്ടു ചെയ്‌തിരിക്കുന്നവയായിരിക്കും .

ഡൊമെയിന്‍ രജിസ്‌ട്രേഷന്‍, ഹോസ്‌റ്റിങ്ങ്‌ , IP addressing തുടങ്ങിയവയെക്കുറിച്ചും സ്വന്തമായി ഒരു വെബ്‌സൈറ്റ്‌ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും പിന്നീട്‌ വിശദമാക്കാം. നന്ദി വീണ്ടും സന്ദര്‍ശിക്കുക.

Tags: , , , , ,

Categorised in:

Leave a Reply

Your email address will not be published. Required fields are marked *